Monday, March 4, 2013

ഒരിട,തൂങ്ങിമടുത്തവ വിരസതകളിൽ നിന്ന് അസമയങ്ങളിലേക്കായിരുന്നു

   അസ്വസ്ഥതകളെ അന്നുവരെ വിൽക്കുവാൻ വെച്ചിരിക്കുന്ന
ഏതൊരിടവേളയും പോലല്ല.
വിശാലമായ ഷോറൂമിൽ
പലകമ്പനി വാച്ചുകൾ ക്ലോക്കുകൾ
പല പല ശരീരങ്ങൾക്കിടെ
ചെറുതും വലുതുമായ ലിംഗങ്ങളുടെ ആട്ടങ്ങൾക്കൊണ്ട് ദീർഘിക്കുന്ന
പല സമയങ്ങൾക്കിടെ

പൊട്ടി പൊട്ടി പുറപ്പെട്ടേക്കാവുന്ന
തെറിച്ച് തെറിച്ച് പോകുന്ന
മരണനടത്തത്തിലേക്കല്ലാതെ മറ്റെവിടേക്കും നോക്കാനാവാത്ത
ഒരൊറ്റ ശബ്ദത്തിന്റെ

ഒരു വാച്ചുകടയിൽ

എങ്കിലുമിപ്പോൾ ലോകത്തെ നോക്കുന്ന
സമയങ്ങൾക്കിടെ
നിശബ്ദനായ തൊഴിലാളിയുടെ
സമയം പോലെയുള്ള മുഖം

സമയത്തേ നോക്കി സമയംകളയുന്ന
വാച്ചുകടയുടെയുടമ


(സമയത്തെ കുറിച്ച് ഇതുവരെ നേരിട്ടൊരോർമ്മയില്ല്ലാതായില്ലേ
ഇനി ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല)

ഒരിട,തൂങ്ങിമടുത്ത വാച്ചുകൾ ക്ലോക്കുകൾ
വിരസതയിൽ നിന്ന് പടികളിറങ്ങി
കുനിഞ്ഞിറങ്ങി,നടന്നുപോയി.

ഒരു കുരക്കുപിന്നാലെ നാടൊട്ടുക്കും കുരക്കുന്ന
പട്ടികളെപ്പോലെ
സമയത്തിൽ നിന്നിറങ്ങിവരുന്നൊരച്ചക്കുപിന്നാലെയല്ലാതെ
പോകില്ലവ

നട്ടുച്ചയുടെ നടുവേളകളെ അവക്കറിയും പോലെ
നമ്മുക്കറിയില്ല
നമ്മുക്കെല്ലാമറിയുമെങ്കിലും

വാച്ചുകൾ കൈകളിൽ നിന്ന്
നഗരത്തിന്റെ ചൂണ്ടുവിരലിൽ നിന്ന്
അഴിഞ്ഞുപോയതിൽ പിന്നെ

ഇടക്കിടെ നോക്കാതിരുന്നതിനാൽ
സമയം പോലുമില്ല ഇപ്പോൾ നമ്മുടെ കൈയ്യിൽ

സമയങ്ങളിറങ്ങിപ്പോയതിനു ശേഷം
നിലച്ചതാണ് വാച്ചു കട
അതിലെ പിന്നെ കയറിയിട്ടില്ലതിലാരും

നഗരവുമറിഞ്ഞില്ല
അഴിഞ്ഞുപോയ ക്ലോക്ക് ടവറിനെ

(സമയത്തെ കുറിച്ച് ഇതുവരെ നേരിട്ടൊരോർമ്മയില്ല്ലാതായില്ലേ
ഇനി ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല  : )

നടന്നുപോയവ സഘടിച്ചു
കൂടിച്ചേർന്ന് പ്രദേശമായി
പ്രദേശമായവ രാജ്യമായി
രാജ്യം പിന്നെ സ്വാതന്ത്രമായി
ചരിത്രമിങ്ങനെ നീണ്ടു.

അതിൽപ്പിന്നെ
രാജ്യങ്ങൾ വിഘടിച്ചു/

അവ തമ്മിൽ യുദ്ധം തുടങ്ങി

അവയുടെ കുലം നശിച്ചുപോയി

എത്രയോ കാലം കഴിഞ്ഞു
എവിടെയോ വെച്ചൊരിക്കൽ
അതിന്റെ ശേഷിപ്പുകൾ കിട്ടി
ഖനനം ചെയ്തെടുത്തു
പുതുക്കി പണിതു.

വാച്ചുകൾക്കെന്ത്
ചരിത്രാതീതത
കണ്ടുപിടിച്ചന്നുമുതലുണ്ടായതല്ല
ഏതൊന്നും പോലെ

അവയുടെ ഓർമ്മകളിലേക്കും
ഇടക്കിടെ തിരിച്ചുപോകുമെന്നും
ഇടക്കിടെ തിരിച്ചുവരുമെന്നും

അതിസാധാരണതകൾക്കിടയിൽ
തിരിച്ചറിയുന്നതെങ്ങനെ സ്വയം നമ്മൾ

കാലം പോയ കാലങ്ങൾ
നിർവചിച്ചിട്ടുണ്ടോ
അവ വല്ലപ്പോഴുമെങ്കിലും
അവക്കെന്തറിയാം സമയത്തെ കുറിച്ചല്ലാതെ മറ്റുള്ളവ.


Saturday, March 2, 2013

പ്രപഞ്ചം ചാരുകസേരയിൽ/ ഇത് തെറ്റായ ഒരു ധാരണയുടെ ആകെ പ്രശ്നമാണ്.


അങ്ങനെ നഗരങ്ങൾക്ക് അങ്ങിങ്ങ് സ്ഥലം മാറ്റം നൽകാൻ
അനേകം സ്വാഭാവികതകൾ നിറഞ്ഞ വിരസമായ ഒരു സഞ്ചാരത്തിൽ
ഭൂമിക്ക് തോന്നി : )

അന്നേ ദിവസം,
ഭൂമി എന്തുതീരുമാനിച്ചാലും ഒന്നും തിരിയാത്ത എല്ലാവരുടേയും പോലെ,

ദെൽഹിക്കുപോകുന്ന രാഷ്ട്രീയ ഉലകം കക്ഷിനായകർ
ഫ്ലൈറ്റിൽ കയറിയിരിക്കുന്നു.

ഒരു ക്യാമറാമാൻ
നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ നെറ്റ്കഫേയിൽ വന്നിരിക്കുന്നു.

ഒരാൾ ആത്മഹത്യ ചെയ്യാൻ
ലോകമാന്യതിലക് കാത്തിരിക്കുന്നു.

കൊല്ലത്തുനിന്ന് ഒരു ബാങ്ക് ക്ലർക്ക്
ഒരു സൂപ്പർഫാസ്റ്റ് ബസ്സിൽ ഗുരുചരിതം വായിച്ചിരിക്കുന്നു.

മരണവീട്ടിൽനിന്നിറങ്ങി ചുവന്നകണ്ണുകളോടെ
ഒരു കവി ചാനൽ ഓഫീസിലേക്ക് വണ്ടിവിടുന്നു.

ഒരു തീവ്രവാദി തിരക്കുള്ള ഒരു നഗരം തേടി
അമ്മയെ ഓർത്ത് നടക്കുന്നു

മോസ്കോ സ്വപ്നം കണ്ട്
കുട്ടികളും ഒരദ്ധ്യാപകനും ഉച്ചക്കുറങ്ങുന്നു

ഇതുവരെ എല്ലാം കൃത്യമാണ്
നമ്മെക്കുറിച്ച് തന്നെ
ഒരു മുൻ ധാരണയും ഇതുവരെ ആവശ്യമായിവന്നിട്ടില്ല

മനുഷ്യനെ വിചാരിച്ച് ഒരു തീരുമാനവും
ഭൂമി ഇന്നേവരെ റദ്ദാക്കിയിട്ടുമില്ല.

അപ്പോൾ ഭൂമി കാലുകളിൽ ഉച്ചകനക്കുന്ന
ഒരു ചാരുകസേരയിൽ
അസാന്ദർഭികമായി ഒന്നുമില്ലാത്തവിധത്തിൽ
ചുറ്റും നോക്കികിടക്കുന്നു.

അതുപോലെതന്നെ
പ്രപഞ്ചത്തിന്റെ തനിക്കറിയാവുന്ന കറക്കം,
ഒന്നു കുടഞ്ഞ് വിരിക്കാൻ തോന്നുന്ന തന്റെ ലോകം,
ഗ്രഹണങ്ങൾ,
അല്പജീവിതങ്ങൾ,
വിരസമായ ഓർമ്മകൾ വരുന്നു.
ചരിത്രങ്ങളെയൊക്കെ ഒന്ന് പുതുക്കേണ്ടതുണ്ടല്ലോ എന്ന് തോന്നുന്ന വിരസത.
എന്നങ്ങനെ വിചാരിക്കുന്നു.

രാജ്യങ്ങളെ വരെ മാറ്റികൊടുക്കേണ്ടതാണ്.

അതിർത്തികളും യുദ്ധങ്ങളും വീണ്ടും നടക്കട്ടെ
അല്ലെങ്കിലും ഉണ്ടായ കാലം മുതലേ
അതിൽനിന്നെല്ലാം ഒന്നും പഠിച്ചില്ല
പെരുംകറക്കങ്ങളിൽ സമാധാനം തന്നെ ആവശ്യമില്ല.

ശരീരത്തിൽ നിന്ന് ആദ്യം നഗരങ്ങളെ തിരുത്താം
ആദ്യം കണ്ടത് കൊച്ചിയെ
കടൽകടത്തികൊടുത്തു,എങ്ങോ കയറിപ്പോയി.

ഇസ്ലാമാബാദിനെയെടുത്ത് ഗുജറാത്തിൽകൊണ്ട് വെച്ചു.
ഇസ്രയേലിനെ നുള്ളിയെടുത്ത് അന്റാർട്ടിക്കയിൽ കൊണ്ട് വെച്ചു.

ലോകത്താകെ ഇത്തരം മാറ്റങ്ങൾ നടന്നു: )

അപ്പോഴും കൗതുകങ്ങളാൽ നശിപ്പിക്കപ്പെട്ടിട്ടില്ല ഒന്നും.
നഗരങ്ങളുടെ രാജ്യങ്ങൾ മാറി എന്നതൊന്നൊഴിച്ചാൽ.

രാജ്യങ്ങളെക്കുറിച്ചും ലോകത്തെകുറിച്ചും ഒരു ബോധവുമില്ലെന്നായി.

തിരഞ്ഞെടുപ്പുകൾ റദ്ദുചെയ്യപ്പെട്ടു.
തിരിഞ്ഞുമറിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ
സഖാവ് കണാരൻ അമേരിക്കൻ പ്രസിഡന്റായി.

സൗദിപോലീസിനെ കണ്ട് ക്ലർക്ക് ബസ്സിൽതന്നെയിരുന്നു.

അയാളുടെ ആത്മഹത്യ ലണ്ടനിൽ വെച്ച് രാജകീയമായി നടന്നു.

അങ്ങനങ്ങനങ്ങനെ ലോകത്തൊരു പുത്തൻ സൂര്യോദയം
എന്തൊരെന്ത് വിപ്ലവങ്ങൾ
എത്രയെത്ര നാടോടി കഥകള്‍
അതങ്ങനങ്ങ് തീർപ്പായി.: )

മോസ്കോയിലേക്ക് കുട്ടികൾ
സ്കൂൾവിട്ടിറങ്ങി.അവരവിടെയുള്ള കുട്ടികളിൽ ലയിച്ചു
(ഒരു ചോദ്യത്തിന്റേയും ആവശ്യമില്ല..ഇതിലൊന്നും അസ്വഭാവികമായി ഒന്നുമില്ല)

നേതാക്കളുടെ വീമാനം ദെൽഹിതേടി നടന്നു.

ക്യാമറാമാൻ കോഴിക്കോട്ടേക്ക് പോകാൻ പാസ്പ്പോർട്ട് ശരിയാക്കുകയാണ്.

തീവ്രവാദി അയാളുടെ അമ്മയുടെ നാട്ടിലേക്ക് തിരിച്ചെത്തി.

കവിയുടെ കാർ അനാഥമായി ഒരു വിജനമരുഭൂവിൽ
ഒരു സങ്കടകാറായി
കവിയുടെ നാട്ടിൽ അമ്മച്ചിയുടെമേലെ പെയ്തു.

അപ്രതീക്ഷിതമായി കാമുകനെ കണ്ടവൾ.

( നിങ്ങൾ ഒരു കാര്യം തീരുമാനിച്ചാൽ ലോകം തലകുത്തിനിന്ന്
അത് സാധിച്ചു തരും-ശരിയാണ് : )

ഇത് തെറ്റായ ഒരു ധാരണയുടെ ആകെ പ്രശ്നമാണ്
ചിലകാഴ്ചകളിൽ മാത്രം കണ്ണുടക്കുന്നതിനാൽ കവിതയാണ്.

--
നഗരത്തോടൊപ്പം
അനുബന്ധമായ ചിലതെല്ലാം/
ചരിത്രങ്ങൾ/സംസ്കാരങ്ങൾ/
ഭാഷകൾ/പ്രണയങ്ങൾ/
ഓർമ്മകൾ/പലായനങ്ങൾ/
പരിഭവങ്ങൾ/യുദ്ധങ്ങൾ/
അതിർത്തിതർക്കങ്ങൾ/
കവികൾ/രാജാക്കന്മാർ/
പുരോഹിതർ/തത്വശാസ്ത്രങ്ങൾ/
നരവംശഗ്രന്ഥങ്ങള്‍ /പരിണാമങ്ങൾ/ഒത്തുതീർപ്പുകൾ

ലോകത്ത് പാഴായവയെല്ലാം
സ്ഥലം മാറ്റപ്പെട്ടു.

ഇങ്ങനെ അവസാനിപ്പിക്കാൻ കഴിയുന്നതല്ല, എങ്കിലും
അത്ര നിസ്സാരമായതിനാൽ
എനിക്കിപ്പോൾ ഇതിലൊന്നും ഒരു പുതുമയുമില്ലാത്തതിനാൽ
ഞാൻ എന്റെ നഗരത്തിന്റെ ചുറ്റും പുതിയവഴികൾ യോജിപ്പിക്കുകയാണ്.

പക്ഷേ
ഇപ്പോൾ
അതെല്ലാം കഴിഞ്ഞിതാ ഇപ്പോൾ, പ്രപഞ്ചത്തിനു
വിരസമായ ഒരു നേരത്ത് അങ്ങനെ തോന്നുന്നു

പ്രപഞ്ചം ചാരുകസേരയിൽ.: (


പ്രപഞ്ചം ചാരുകസേരയിൽ/ ഇത് തെറ്റായ ഒരു ധാരണയുടെ ആകെ പ്രശ്നമാണ്.
ഒരു തെരുവിനെ ഇപ്പോഴതിലെല്ലാം ചാരിവെച്ചിരിക്കുന്നു.


(ലോകത്ത് ഏറ്റവും പൂർത്തീകരിക്കപെടാത്തതോ,പൂരിപ്പിക്കപെടാത്തതോ ആയ  -)


ഏറ്റവും ഏകാന്തമായ നടത്തങ്ങൾ നടന്നുപോകുമ്പോൾ
നമ്മൾ വൃദ്ധരുടേതെന്ന് തോന്നിപ്പിക്കുമെങ്കിലും കാലടികൾ കാണുന്നു
അനേകമനേകം സൂക്ഷമമായ പ്രളയങ്ങളിൽ
അനേകമനേകം തോണികളുടെ പാലായനങ്ങൾ കാണുന്നു
അവർ തിരിച്ചുപോയ തെരുവുകളിൽ
മരിച്ചുപോയവരെകുറിച്ചും കാണാതായവരെകുറിച്ചുമുള്ള ഓർമ്മകൾ പടർന്നു നിൽക്കുന്നു
തൂങ്ങിമരിച്ചതും,വെടിയേറ്റുമരിച്ചതും
കളിക്കാൻ വിട്ടപ്പോൾ കാണാതായതും
നാടുവിട്ടവരുടേയും ഓർമ്മകളിൽ നിന്ന്
ഒരു മരണത്തെ മാത്രം തെരുവ് എടുത്തുനിൽക്കുന്നു.
ഒരു മരണം അസഖ്യമായ മരണങ്ങളെ പ്രതിനിധീകരിക്കുന്നു'
തെരുവ് ഒറ്റ ഓർമ്മയാണ്.

തെരുവിലെത്തെമ്പോൾ
അവ കോച്ചിവലിച്ച്,ഞരമ്പുകൾ മരവിച്ച്
തണുത്തുറഞ്ഞുപോകുന്നത് എല്ലാ കാലത്തും അങ്ങനെയാണ്.

തെരുവ് തണുത്തുറഞ്ഞുപോയ നൂറ്റാണ്ടുകൾ

ഊന്നുവടികൾ അതേ നൂറ്റാണ്ടുകൾക്കുമപ്പുറത്തേക്ക്
നടന്നുപോകുന്നത് മറ്റൊരേകാന്തതക്കല്ലാതെയും ദൃശ്യമല്ല.

ഇനിയും വൈകിവന്നവരുണ്ടല്ലോ
അവരുടെ നിശബ്ദഭാവനകൾ എല്ലാ കോണുകളിൽ നിന്നും
എന്നും നടന്നുവരാറുള്ള ഒരിറക്കത്തിൽ നിന്ന്
കാലങ്ങളുടെ എല്ലാ അളവുകളിലേക്കും ഓർമ്മിക്കുകയുമാണ്.

പരസ്പരം സംസാരിച്ച് തീരാതെ
കടലുകളിലേക്കിറങ്ങിപോകുന്ന
ഒരു സ്വപ്നം തുടർച്ചയായി കാണുന്നത്
തീർത്തും സ്വകാര്യമായ എത്രയനേകം സൂക്ഷമതകളിൽ നിന്നാണ്

അപൂർണ്ണമായ സ്വപ്നങ്ങൾ
സ്വകാര്യമാണ്.

എല്ലാ ചലനങ്ങൾക്കും പിന്നിൽ
അതിന്റെ എത്രയനേകം സ്വകാര്യതകളുടെ കയ്യുകൾ ചലിക്കുന്നു.

അതേ
രണ്ടു ശരീരങ്ങളെങ്കിലും സംസാരിക്കുമ്പോൾ വിട്ടുപോകുന്നു
രണ്ടുശരീരങ്ങളെങ്കിലും നിശബ്ദമാണ്.

അവ സ്വയം ഉപേക്ഷിക്കപ്പെട്ടവയുമാണ്
ഏകാന്തതകളിൽ മാത്രം തെരുവിലെത്തിപ്പെടുന്ന ഓർമ്മകളെ
അവ ഒപ്പം കൂട്ടുന്നു.

നിലനിൽക്കുന്ന സമയമത്രയും
തെരുവിൽ പ്രതിഫലിച്ച്
പുറത്തേക്ക് നീളുന്ന എല്ലാ സംശയങ്ങളെയും
കൂട്ടിമുട്ടിക്കുകയും ചെയ്യുന്നത് എത്ര വിചിത്രം

വീണ്ടും തെരുവിലേക്ക് വരുന്നു
ആത്മഹത്യ ചെയ്ത അയാളുടെ തന്നെ
നിസ്സഗതയിൽ ഊന്നുവടി ഒറ്റക്കിരിക്കുന്നു
എല്ലാ ആത്മഹത്യകളെയും അത് പ്രതിനിധീകരിക്കുന്നു'

പരിചയപ്പെടുന്നതിനും നൂറ്റാണ്ടുകൾക്കുമുൻപ്
ഒരു വൃക്ഷ്ത്തെ ഏറ്റവും സൗമ്യമായി സ്വപ്നം കാണുന്നു.
അറ്റമില്ലാത്ത അതിന്റ് തലപ്പുകൾ
തണുത്ത് മരവിച്ച അതിന്റേയും സ്വപ്നം കാണുന്നു.

കാലടികളുടെ കൂടെ നടന്ന്
ഏറ്റവും സ്വൿഃമായ നടത്തം ശീലിക്കപ്പെട്ട്
ഒറ്റക്കിരിക്കുന്നു.

ഒരു തെരുവിനെ ഇപ്പോഴതിൽ ചാരിവെച്ചിരിക്കുന്നു.

ഏറ്റവും ഏകാന്തമായ നടത്തം
ഉപേക്ഷിക്കപ്പെട്ടവർ ഉപേക്ഷിച്ചതോ
കാണാതായവരുടേതോ ആയ ഊന്നുവടികളുടേതാണ്.

  ( ഒരു \പക്ഷേ,അതിന്റെ സ്വപ്നം പോലെയാണ്
    നിന്റെ ഏറ്റവും ഏകാന്തമായൊരുറക്കത്തിൽ
    കാലങ്ങൾക്കും മുൻപുള്ള ഒരു ഒറ്റമുറിയിൽ
    നീ അഴിച്ചിട്ട നിന്റെ ഏറ്റവും പ്രിയ്യപ്പെട്ട കറുത്തചുരിദാറിൽ
    ഞാൻ കെട്ടിപിടിച്ച് കൂട്ടിരിക്കുന്നത് )

വീണ്ടും തെരുവിന്റെ കാര്യം
കാണാതായവരുടെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങൾക്കിടയിൽ
ഒരു കറുത്തകുട്ടി തന്റെ ഏറ്റവും പ്രിയ്യപ്പെട്ട കളിപ്പാട്ടവുമായി ഒളിച്ചുകളിക്കുന്നു.
ഒറ്റക്ക് വന്ന് ഇടക്കിടെയിരിക്കുന്നു.
കറുപ്പിലും വെളുപ്പിലുമുള്ള
പഴയചിത്രങ്ങൾക്കിടയിൽ ഒരു കുട്ടിയുടെ ഏറ്റവും ഒറ്റപ്പെട്ട ചിരിയാണ്
ഈ തെരുവിന്റേയും അത് പ്രതിനിധാനം ചെയ്യുന്ന ലോകത്തിന്റേയും
ഏറ്റവുമധികം ദുഖഭരിതമായ നിമിഷം.

ആ നിമിഷത്തിലേക്ക് നോക്കിയിരുന്ന്
ഊന്നുവടി ദുഖത്തിന്റെ ഒരു മഹാചിഹ്നമാകുന്നു.

വളരെ പെട്ടെന്ന് അത് ലോകത്തെ
പ്രതിനിധീകരിക്കുന്നു'


ലോകം തെരുവിനെയല്ല
തെരുവ് ലോകത്തെയുമല്ല

പൂരിപ്പിക്കാതെയും.പൂർത്തീകരിക്കാതെയും


**ഒരു തെരുവിനെ ഇപ്പോഴതിലെല്ലാം ചാരിവെച്ചിരിക്കുന്നു.ശരീരങ്ങളുടെ മാത്രം സംഗീതജ്ഞൻ


കൃഷ്ണരാജപുരം റെയിൽവെ സ്റ്റേഷൻ
8/11/12
  • ------------------------------------------------------------------------------------
എപ്പോഴും വന്നിറങ്ങുന്നത്
ഒരു പാരച്യൂട്ടുമായി നടക്കുന്നത് പോലെയാണ്.
ഒരിക്കൽ ഇതുപോലൊരു തീവണ്ടിയിൽ
നിന്റെ ചുണ്ടുകളെ ദാഹിച്ചപോലെ നീളുന്ന ഒരു കാത്തിരിപ്പിൽ

എന്റെ ബോംബുകൾക്ക്
ഈ നഗരത്തെയും ദാഹിക്കുന്നു.
ഒരേഭൂമിയിൽ,ഒരേമനുഷ്യരിൽ,ഒരേ പ്ലാറ്റ്ഫോമിൽ
ഒരാൾ എങ്ങനെ തിരിച്ചറിയപ്പെടാതിരിക്കണം

അവിടെ
എന്റെ തീവ്രവാദി
ഒരു പൂച്ചയാണ്
സ്വയമൊളിപ്പിച്ചുസൂക്ഷിക്കാൻ
ശരീരംപോലുമവക്ക് ആവശ്യമില്ല എങ്കിൽ

ഒരു തീവ്രവാദിക്ക്
ഈ മറുഭാഷയിൽ ഇതരപോക്കറ്റടിക്കാരുമായി
എന്തു ബന്ധമാണുള്ളത്
ഞാൻ ഈ പ്ലാറ്റ്ഫോമിലെ പതിനാലുപോക്കറ്റടിക്കാരെയും തിരിച്ചറിഞ്ഞു.

ശരീരത്തിൽ ഇതിനിടെ നാലുമേജർ ഓപ്പറേഷനുകൾ കഴിഞ്ഞു.
ഏഴാമത്തെ ഓപ്പറേഷനാണിത്
ഈ രാജ്യത്തിന്റെ ഏഴുപോക്കറ്റുകൾ

നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ക്യാമറകളോട്
വാത്സല്യം തോന്നുക നമ്മുടെ ഒരു ശീലമാണ്.
ഒരു കുഞ്ഞിനെയെന്നപോലെ മടിയിലിരുത്തി
ലാളിക്കാനൊക്കെ ഒരു കൊതി തോന്നും

എല്ലാവരും കൊല്ലപ്പെട്ടതിനുശേഷം
തിരിച്ചറിയപ്പെടാനാണ്,
ഒരു തീവ്രവാദി എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നതും
ബാഗിലെ എല്ലാ ബോംബുകളും ഒരുപോലെയാണ്.
ഒരുപോലെമരിക്കാൻ നിങ്ങൾക്കെന്താഗ്രഹമുണ്ടാകും.
(മുളകളെപോലെ)

അതല്ലെങ്കിലും അജ്ഞതകളല്ലേ സ്വാതന്ത്ര്യങ്ങൾ
മരണത്തിന്റേതുപോലും

എന്റെ ബാഗിൽ അടുത്തനിമിഷങ്ങൾ
അടുക്കിവെച്ചിരിക്കുന്നു
പൊട്ടിതെറിക്കുന്നത് എപ്പോഴും അതുതന്നെയായിരിക്കണം
ടെലിഫോൺബൂത്തിൽ
കാത്തിരിപ്പുകൾക്കടിയിൽ
അവയെ ഉപേക്ഷിക്കുന്നു എന്നേയുള്ളൂ.

ചക്രങ്ങൾക്കുമുൻപേ പോകുന്ന വണ്ടികൾ
കാലുകൾക്കുമുൻപേ ആളുകൾ

കാലങ്ങളോട് ചേർത്ത് ശരീരങ്ങളെ ഉപേക്ഷിക്കുന്ന
ജീവിതങ്ങളെ പലദിക്കുകൾ ചേർത്തുവെച്ച,പ്ലാറ്റ്ഫോം
തന്റെ പാവകളെ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത
ഒരു കുഞ്ഞുവാശിയായിരുന്നു
ഉറക്കത്തിൽ അവന്റെ കുഞ്ഞിക്കയ്യുകൾ വിടർത്തി
അടർത്തിയെടുക്കാൻ എന്റെ ബാഗിലെ
നൂറോളം ബോംബുകളുടെ
നിശബ്ദമായ വാത്സല്യം ഞാൻ കണ്ടുകൊണ്ടിരിക്കുന്നു.

എനിക്ക് കുതിരകളെ ഇഷ്ട്ടമാണ്
തിരമാലകളുടെ കുതിരകളെ നിയന്ത്രിക്കുന്ന
ഗ്രീക്ക്ദേവനെ ഓർമ്മവരുന്നുണ്ടോ.
അൽപ്പനേരത്തിനകം ഞാനെന്റെയും കുതിരകളെ
ഈ പ്ലാറ്റ്ഫോമിൽ അഴിച്ചുവിടും
അവയുടെ കുളമ്പടികളുടെ സഗീതത്തെ നിയന്ത്രിക്കുന്ന
എത്ര വ്യത്യസ്തനായ ഒരു സംഗീതജ്ഞനാണ് ഞാൻ

ഞാൻ തീവ്രവാദിയല്ല
ശരീരങ്ങളുടെ സംഗീതോപകരണങ്ങൾനിർമ്മിക്കുന്ന ഒരാളാണ്

എല്ലാ സംഗീതോപകരണങ്ങളെയും പോലെ
ഞാനും പൂർണ്ണതയിൽ വിശ്വസിക്കുന്നില്ല


  • -----------------------------------------------------------------------------

-(നീ ഒരു മതമാണെങ്കിൽ
 ഞാനൊരു മതതീവ്രവാദിയാണ്
നമ്മുടെ രാജ്യത്ത് അത് രാജ്യസ്നേഹമാണ്)-

**ശരീരങ്ങളുടെ മാത്രം സംഗീതജ്ഞൻ